2010, മാർച്ച് 18, വ്യാഴാഴ്‌ച

ഭ്രൂണം

കഴിഞ്ഞ ബുധനാഴ്ച. ആദ്യത്തെ പിരീയീഡ്. എനിക്ക് 8Bയിലാണ് ക്ലാസ്. വിഷയം ഗണിതശാസ്ത്രം. ഞാനാക്ലാസിലെ ക്ലാസധ്യാപകന്‍ കൂടിയാണ്. ‘അനുപാതം’ എന്ന പാഠഭാഗത്തില്‍ നിന്നും ഒരു പ്രശ്നം കുട്ടികള്‍ക്ക് നല്‍കി. കണക്ക് ചെയ്യുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ദിമുട്ടുകള്‍ മനസിലാക്കുന്നതിന് വേണ്ടി ഞാനവര്‍ക്കിടയിലൂടെ നടക്കാന്‍ തുടങ്ങി. കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്ത് ഉത്തരം കാണാനുള്ള ശ്രമത്തിലാണ്. വിവിധ പ്രദേശങ്ങളിലെ വിത്യസ്ത വീടുകളില്‍ നിന്നും വരുന്ന നിഷ്കളങ്കരായ കുട്ടികള്‍, ഞാനെത്ര ഭാഗ്യവാനാണ്! അവരുടെ പ്രശ്നങ്ങള്‍ എന്റ്റേതുമാ‍കുന്ന നിമിഷങ്ങള്‍.  പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിയ ഒരു നിമിഷം, ഞാനറിയാതെ എന്റ്റെ ചിന്തകള്‍ അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയില്‍ ഉടക്കി നിന്നു. അടുത്ത നിമിഷം ആരോ ഒരാള്‍ ആ വാര്‍ത്ത എന്റ്റെ ഇരു ചെവിയിലേക്കും ലൌഡ്സ്പീക്കര്‍ വെച്ച് വായിക്കാന്‍ തുടങ്ങി.
“പൊന്മല ഹൈസ്ക്കൂളിലെ എട്ടാം തരത്തില്‍ പഠിക്കുന്ന തസ്ലീനയുടെ മ്യതദേഹം സ്ക്കൂളിന് സമീപത്തെ വീടിന്റ്റെ ടെറസില്‍ ചാക്കില്‍ മൂടിക്കെട്ടിയ നിലയില്‍ കണ്ടെത്തി. വീട്ടുടമസ്ഥനെ അറസ്റ്റ് ചെയ്തു.”
എന്റ്റെ അടിവയറ്റില്‍ നിന്നും എന്തോ ഒന്ന് ഉരുണ്ടു കയറി മുകളിലേക്ക് വരുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങി. അടുത്ത നിമിഷം വായും പൊത്തിപ്പിടിച്ച് ഞാന്‍ പുറത്തേക്കോടി. ആരെല്ലാമോ താങ്ങിപ്പിടിച്ച് എന്നെ സ്റ്റാഫ് റൂമിലെത്തിച്ചു. കുറച്ചു നേരം കിടന്നപ്പോള്‍ ആശ്വാസം തോന്നി. സ്റ്റാഫുകള്‍ കാര്യമന്വേഷിക്കാന്‍ തുടങ്ങി. ഞാനവരോട് എന്തു മറുപടി പറയാനാണ്! രാവിലെ കഴിച്ച ഭക്ഷണമായിരിക്കും കുഴപ്പകാരണമെന്ന നിഗമനത്തില്‍ അവര്‍ സ്വയം എത്തിച്ചേര്‍ന്നു.
“എനിക്കൊരു പെണ്‍കുഞ്ഞിനെ വേണം.”, ഭാര്യയുടെ ആഗ്രഹം.
മൂന്നാമതൊരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അവള്‍ നിര്‍ബന്ധം പിടിച്ചു. ഇപ്പോഴവള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. 6 മാസത്തിന് ശേഷം വരുന്ന ആ കുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍....ഈശ്വരാ, അവള്‍ വളര്‍ന്ന് വലുതാകുമ്പോള്‍....സ്ത്രീത്വത്തത്തിന്റ്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിതുടങ്ങുമ്പോള്‍....അവള്‍ക്ക് നേരെ നീണ്ടു വരുന്ന കഴുകക്കണ്ണുകള്‍...
വീണ്ടും അടിവയറ്റില്‍ നിന്ന് മഞ്ഞനിറത്തിലൊരു ദ്രാവകം വായിലൂടെ പുറത്തേക്ക് വന്നു. എനിയും വൈകാതെ ആശുപത്രിയില്‍ പോകാമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. എന്റ്റെ അസുഖത്തിനുള്ള മരുന്ന് ഒരു ഡോക്ടര്‍ക്കും നല്‍കാന്‍ കഴിയില്ലെന്ന് ഞാനവരെ എങ്ങിനെ ബോധ്യപ്പെടുത്തും. എന്റ്റെ വിഹ്വലതകള്‍ ഞാനാരോട് പറയും. എന്നെ ഭ്രാന്തനെന്ന് വിളിക്കില്ലെ! എന്റീശ്വരാ...

2010, മാർച്ച് 2, ചൊവ്വാഴ്ച

ചൂട്

പനി മൂര്‍ദ്ധന്യത പ്രാപിച രാത്രികളില്‍ പനിയുടെ ചൂടിനെ തന്നിലേക്കാവാഹിച്ചെടുക്കുന്ന ഉമ്മ.
“ചുട്ടു പൊള്ളുകയായിരുന്നു. ഇപ്പോ.. പനി വിട്ടല്ലൊ. നന്നായി വിയര്‍ത്തിട്ടുണ്ട്.“
ഉമ്മയുടെ സ്നേഹം വിശറിയിലൂടെ പെയ്തിറങ്ങിയപ്പോള്‍ ഈ ലോകത്തില്‍ ഞാനായിരുന്നു ഏററവും വലിയ ഭാഗ്യവാന്‍.
“എന്തൊക്കെയാണു നീ വിളിച്ചു പറഞ്ഞത്!“
“ഉമ്മാ, ഞാനൊരു അഗാധ ഗര്‍ത്തത്തിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഒരിക്കലും താഴത്തെത്തിയിരുന്നില്ല.”
“എന്നെ പിടിക്കുമ്മാ..പിടിക്കുമ്മാ..നിന്റ്റെ വിളി എന്നെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞു.”
“പിന്നീട് ഞാന്‍ വായുവിലൂടെ ഒരു തൂവല്‍ പോലെ പറക്കുകയയിരുന്നു. അപ്പോഴാണു ഒരു തണുത്ത കൈ എന്നെ ഈ ബെഢിലേക്ക് കൊണ്ട് വന്നത്.“
ഞാനാ കൈകള്‍ എന്റ്റെ നെഞ്ജിലേക്ക് ചേര്‍ത്ത് വച്ചു.
“എന്നും എനിക്കീ കൈകളുടെ ചൂടേററ് കിടക്കണം.”
“ഉം, നടന്നത് തന്നെ!”
“ഉമ്മ ഉദ്ദേശിക്കുന്നത് എന്താണെന്നെനിക്കറിയാം. അതിനൊക്കെ.. വര്‍ഷങ്ങളെത്ര കഴിയണം!!.”
“അതു ശരി!!, എത്ര വര്‍ഷം ഇങ്ങനെ കിടക്കാനാ നിങ്ങളുടെ പൂതി. എന്റ്റെ മടിയില്‍ കിടന്നാ കുട്ടിക്കാലം ഓര്‍ക്കുന്നത്! നാണമില്ലല്ലോ ഈ മനുഷ്യന്."
“ഓ..ഹോ..അപ്പോ ഈ ലോകത്ത് എനിക്ക് മാത്രമേ നാണമില്ലാത്തതൊള്ളൂ. കല്യാണ രാത്രിയിലില്ലാത്ത നാണം ഇനിയിപ്പോ ഉണ്ടാകാനോ!”
“സ്കൂള്‍ വിട്ട് കുട്ടികളിങ്ങെത്താറായി. ഒന്നെണീററ് പോകുന്നുണ്ടോ.“
“ഞാനിപ്പോഴും ഓര്‍ക്കുന്നു, അന്നു നിന്റെറ ശരീരത്തിന് എന്തൊരു ചൂടായിരുന്നു.”
“അതു പിന്നെ ഇല്ലാതിരിക്കുമോ!...ആദ്യമായൊരു പുരുഷന്‍ തൊടുമ്പോള്‍ അങ്ങിനെയൊക്കെ ഉണ്ടാകും. ഇപ്പോഴും അതൊക്കെ...”
“ടേയ്...ഷംസുവേ...നീയൊന്നു വേഗം ഇറങ്ങുന്നുണ്ടോ.”
ക്രിത്യസമയത്ത് തന്നെ സുരേഷിന്റ്റെ വിളി വന്നല്ലൊ. ഹോ...ഈ ഷവറിന് ചുവട്ടില്‍ ചുടു വെള്ളത്തില്‍ നിന്നാല്‍ സമയം പോകുന്നതറിയില്ല.
“ഞാനിവിടെ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി.”
“ദാ....വരുന്നു മാഷേ...”
“ഡാ....വെള്ളത്തിന്റ്റെ കാശ് കമ്പനിയാണടയ്ക്കുന്നതെന്ന് കരുതി...”
ഇവനറിയില്ലല്ലൊ നാട്ടില്‍ പോകാന്‍ ലീവ് പാസായി നില്‍ക്കുന്ന എന്റ്റെ മനോവിഭ്രാന്തി.