2014, നവംബർ 26, ബുധനാഴ്‌ച

ഉറുമ്പ് പൊടി


സൈതാലിക്കാ... ഉറുമ്പ് പൊടിയുണ്ടോ?”
ഉണ്ടല്ലോ.”
ഇതിട്ടാല്‍ ഉറുമ്പ് ചാവുമോ സൈതാലിക്കാ?”
കൊല്ലാന്‍ പാടില്ല, ഓടിച്ചാല്‍ മതി.”
ഉറുമ്പ് പൊടിയുമായി കടയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച എനിക്ക് സംശയങ്ങള്‍ അവസാനിച്ചിരുന്നില്ല.
ഈ ഉറുമ്പ് പൊടി, ഉറുമ്പിനെ കൊല്ലാന്‍ മാത്രം ശക്തമല്ലാത്തതിനാലാണോ സൈതാലിക്ക അങ്ങിനെ പറഞ്ഞത്?! അതല്ല, ഉറുമ്പിനെ പോലും കൊല്ലരുതെന്നുള്ള സൈതാലിക്കയുടെ മനസാണോ?!

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

മകന്‍റെ സൈക്കിള്‍

സൈക്കിളിന് കാവല്‍കിടക്കാന്‍ മകനെന്നോട് ആവശ്യപ്പെടുമെന്ന് ഭയന്നതിനാല്‍ ഞാനവന് സൈക്കിള്‍ വാങ്ങിക്കൊടുത്തില്ല!!!

2014, ഏപ്രിൽ 19, ശനിയാഴ്‌ച

ദയ

രാവിലെ ഞാന്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്നു. വേനല്‍ കനത്തതോട് കൂടി മോട്ടോര്‍ പമ്പിലൂടെ വെള്ളം കയറാതായിരിക്കുന്നു.
“നിങ്ങളിതു കണ്ടോ... ഈ വെയ്സ്റ്റ് ബക്കറ്റില്‍ ഒരു എലി”, പ്രിയതമയാണ്.
പോയിനോക്കിയപ്പോള്‍...
വെയ്സ്റ്റ് ബക്കറ്റില്‍ ഒരു ചുണ്ടെലി(നൊച്ചെലി). ബക്കറ്റില്‍ നിന്നും രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലായിരുന്നു. ചുണ്ടെലി മനുഷ്യന് ഉപദ്രവമുണ്ടാക്കുന്നതായി ഞാന്‍ കേട്ടിട്ടില്ലായിരുന്നു. അതിനാല്‍ എലിയെ പറമ്പില്‍ കൊണ്ടുവിടാമെന്ന് തീരുമാനിച്ച നിമിഷം തന്നെ എന്നിലെ രാക്ഷസന്‍ ഉണര്‍ന്നു. നൊച്ചെലിയാണെങ്കിലും അതൊരു എലിയല്ലെ!! അതിനെ വെറുതെ വിടാന്‍ പാടില്ല.
"എങ്ങിനെ കൊല്ലും" - അതായി പിന്നീടുള്ള ചിന്ത. വെള്ളത്തില്‍ മുക്കിക്കൊല്ലാം, അതാകുമ്പോള്‍ ജീവന് വേണ്ടിയുള്ള പിടച്ചില്‍ നേരിട്ട് കാണാമല്ലോ! ബക്കറ്റിലേക്ക് വെള്ളമൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ എലി വെള്ളത്തില്‍ മുങ്ങിപൊങ്ങാന്‍ തുടങ്ങി.
“വേണ്ട ഉപ്പാ... അതിനെ കൊല്ലേണ്ട... അതു പാവമാ...”, ഉറക്കമുണര്‍ന്ന് വന്ന ചെറിയ മകന്‍ അലൂഫ് സമീപത്ത് നില്‍ക്കുന്നു.
“അതിനെ വിട്ടേക്ക് ഉപ്പാ... അത് പാവമാ...”.
അഞ്ചു വയസുകാരന്‍ മകന്റെ ദയപോലും എനിക്കുണ്ടായില്ലെന്ന ബോധ്യം എന്നെ പാതാളത്തിലേക്ക് താഴ്‍ത്തികളയുവാന്‍ ആഗ്രഹിക്കുവോളം എന്നെ ലജ്ജിതനാക്കി.
---------------ശുഭം----------------

(മുറിവാല്‍:  അഞ്ചു വയസുകാരന്റെ അറിവില്ലായ്മ ദയ കാണിക്കുന്നതിനും, നാല്‍പത്കാരന്റെ അറിവ് ദയാരാഹിത്യത്തിനും കാരണമാകുന്നു.)